Saturday, October 27, 2018

Just for a horror

കുറേ നേരമായി ഓടിച്ചു കൊണ്ടിരുന്ന ബൈക്ക് റോഡിന്റെ സൈഡിൽ ഒതുക്കി നിർത്തി ഇത് വരെ യാത്ര ചെയ്ത വഴിയിലേക്ക് തിരിഞ്ഞു നോക്കി . ആകാശത്തു അങ്ങിങ്ങായി കുറേ കറുത്ത പൊട്ടുകൾ. നോക്കുമ്പോൾ അവയെല്ലാം അടുത്തേക്ക് വരുന്ന പോലെ. മെല്ലെ മെല്ലെ ആകാശത്തു കാണുന്ന ചെറിയ കറുത്ത പൊട്ടുകൾ വലുതാകുന്നത് പോലെ തോന്നി .പൊട്ടുകളിലൊന്ന് ഇപ്പോൾ പാറി നടക്കുന്ന ഒരു കറുത്ത പട്ടം പോലെ തോന്നി തുടങ്ങി ബാക്കി എല്ലാം അതെ പോലെ ആയി. പൊടുന്നനെ അതിലൊന്ന് ചിറകുകൾ വീശി  പറന്നടുത്തു ഭീമാകാരമായ ഒരു കാക്കയുടെ രൂപത്തിൽ അടുത്തുള്ള മരത്തിൽ വന്നിരുന്നു .അതാ രണ്ടാമതും ഒന്ന് വരുന്നു. വൈകാതെ അത്  ഒരു പറ്റം അയി ആ ഭാഗം മൊത്തം അവറ്റകളെ കൊണ്ട് നിറഞ്ഞു

ഇതെല്ലാം കണ്ടു മറഞ്ഞു നിൽകുമ്പോൾ ഒരേ ഒരു ചിന്ത ബൈക്ക് എടുത്തു എങ്ങനെ പോകും എന്നായിരുന്നു . ഒരു വിധം അവറ്റകുളുടെ കണ്ണ് വെട്ടിച്ചു വണ്ടി എടുത്തു പക്ഷെ സ്റ്റാർട്ട്‌ ചെയ്തതും അവയിൽ ഒന്നിന്റെ ശ്രെദ്ധയിൽ പെട്ടു . ഇരമ്പി വരുന്ന തേനീച്ച കൂട്ടത്തെ പോലെ പിന്തുടരുന്നു എന്തു ചെയ്യും രണ്ടും കല്പിച്ചു വണ്ടിയുമായി പാഞ്ഞു എങ്ങനെയോ വീട്ടിലെത്തി കയറി കതകടച്ചു. ഒരാശ്വാസം വീടെത്തിയല്ലോ.

വീടെത്തിയ ഉടനേ അന്വേഷിച്ചത് കുഞ്ഞിനെ ആണ്. അകത്തു ഉറങ്ങുന്നുണ്ടെന്നു അറിഞ്ഞു. പോയി നോക്കി കാണുന്നില്ല. നേരം ഇരുട്ടി കഴിഞ്ഞു വീട് മുഴുവൻ  തപ്പി എങ്ങുമില്ല .എവിടെ പോയി. ജനൽ തുറന്നു നോക്കുമ്പോൾ ആ പക്ഷി പുറത്തു ഒരു മരക്കൊമ്പിൽ ഇരിക്കുന്നു. ആകെ ഒരു ഭയം വെട്ടിവിയർത്തു എന്തു ചെയ്യും.

പൊടുന്നനെ ഉച്ചത്തിൽ ഒരു ശബ്ദം അത് കേട്ട് ഞെട്ടീ . ബെഡിൽ നിന്നു ചാടി എണീറ്റു  നേരം വെളുത്തു അലാറം അടിച്ചതാണ്. ബെഡിൽ തപ്പി മോനും ഭാര്യയും ഇല്ലാ . പിന്നെ ഓർത്തു അവർ അവളുടെ വീട്ടിലാണ് . ഒരുമാതിരി കൂതറ സ്വപ്നം


Thursday, September 13, 2018

Special Teacher's Day


ഈ കഴിഞ്ഞ ടീച്ചേഴ്സ് ഡേയുടെ തലേ ദിവസം വൈകീട്ട് എന്തെന്നറിയില്ല പെട്ടെന്നു MTHSS എന്നെ പഠിപ്പിച്ച ജ്യോതി മിസ്സും ജിഷ മിസ്സും അംബിക മിസ്സും പിന്നെ നമ്മുടെ പ്രിൻസിപ്പൽ സലീന മിസ്സും മനസ്സിലോട്ട് ഓടി വന്നു. അവരെ കുറിച്ച് ഈ  തട്ടിക്കൂട്ട് ബ്ലോഗിൽ എന്തെങ്കിലും എഴുതിയാലോ എന്ന് ആലോചിച്ചുകൊണ്ടു ഞാൻ ഓഫീസിൽ നിന്നിറങ്ങി.

കളമശ്ശേരി എത്തിയപ്പോൾ ഫോണിൽ ഒരു കാൾ . ബൈക്ക് ഒതുക്കി എടുത്തു നോക്കി ,പ്രിൻസിപ്പൽ സലീന മിസ്സ്‌ ആണ്.
മിസ്സ്‌ എന്നോട് ചോദിച്ചു "നാളെ നിനക്ക് സ്കൂൾ വരേ ഒന്ന് വരാമോ ?"
ഞാൻ :"എന്താ  മിസ്സേ കാര്യം "

"നാളെ teacher's  day  അല്ലേ നീ വന്നു അസ്സെംബ്ലയിൽ കുട്ടികളോട് സംസാരിക്കണം.  നിന്റെ experience അവരോടു share ചെയ്യണം " എന്ന് മിസ്സ്‌  പറഞ്ഞു

ഇതിലും വലിയ സന്തോഷം ഉണ്ടോ . പഠിച്ചിറങ്ങി 12 വർഷം കഴിഞ്ഞിട്ടും എന്നെ എന്റെ അധ്യാപകർ മറന്നിട്ടില്ലലോ. ഇതിലും വലിയ അംഗീകാരം കിട്ടാനില്ല.  ഞാൻ എത്തിക്കോളാം മിസ്സേ എന്നു പറഞ്ഞു ഞാൻ വീട്ടിലേക്ക് പോന്നു .

വല്ലാത്ത ഒരു excitement ആയിരന്നു. വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷം .

ഉറങ്ങാൻ കിടന്നപ്പോളും മനസ്സിൽ ഇതു തന്നെ  ആയിരുന്നു എന്തു സംസാരിക്കും പിള്ളേരോട്. ഞാൻ ഭാര്യയോട് സ്കൂൾ എക്സ്പീരിയൻസ് കുറച്ചു പറഞ്ഞു . ഇതൊക്കെ തന്നെ പിള്ളേരോടും പറഞ്ഞാൽ പോരെ എന്ന് അവൾ എന്നോട് ചോദിച്ചു  . എന്നാൽ അങ്ങനെ ആകട്ടെ എന്ന് വിചാരിച്ച് ഉറങ്ങി  .

രാവിലെ റെഡിയായി പറഞ്ഞതിനേക്കാൾ ഒരു 3-4 മിനിറ്റ് മുന്നേ ഞാൻ എത്തി. പ്രിൻസിപ്പൽ ആയിട്ടു കുശലം പറഞ്ഞിരുന്നു . സമയം ആയപ്പോൾ അസംബ്ലി നടക്കുന്നിടത്തേക്ക് പോയി . എന്നെ കണ്ട ഒരു ടീച്ചർ ചോദിച്ചു പുതിയ മാഷാണോ എന്ന് . ചിരിച്ചു കൊണ്ട് ഞാൻ  പഴയ ഒരു സ്റ്റുഡന്റസ് ആണ് എന്ന്  പറഞ്ഞു.

വല്ലാത്ത ഒരു നൊസ്റ്റാൾജിയ ആയിരുന്നു ജീവിതത്തിൽ ഒരു turning point ഉണ്ടായത് ഇവിടെ വെച്ചാണ്. ഇവിടത്തെ ഇലക്ട്രോണിക്സ് ടീച്ചേർസ് പകർന്നു തന്ന പാഠങ്ങൾ ആണ് ഇന്നും പിന്തുടരുന്നത്. അവിടെ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. 3 വ്യക്തികളെ ആണ് എനിക്ക് എന്നും നന്ദി പറയാൻ ഉള്ളത്.  ജ്യോതി മിസ്സ്‌ ജിഷ മിസ്സ്‌ അംബിക മിസ്സ്‌.

ഇതിൽ ജ്യോതി മിസ്സിനെ കണ്ടു സംസാരിച്ചു.
12 വർഷത്തിന് ശേഷവും എന്റെ മുഖം ഒട്ടും unfamiliar ആയി തോന്നുന്നില്ല എന്ന് മിസ്സ്‌  പറഞ്ഞു . അവരുടെ മനസ്സിൽ ഇപ്പോളും ഞാൻ എന്ന സ്റ്റുഡന്റ് ഉണ്ടല്ലോ ഇതിൽ പരം ഒരു അംഗീകാരം കിട്ടാൻ ഇല്ലാ. എന്റെ വൈഫിന് ചോക്ലേറ്റ്  തന്നുവിട്ടാണ് എന്നെ യാത്രയാക്കിയത്.


ടീച്ചർ മാരുടെ സ്നേഹം ഏറ്റു വാങ്ങി നിറഞ്ഞ മനസ്സോടെ ഞാൻ വീട്ടിലേക്ക് പോന്നു💓💓💓💓💓💓💓. ഒരേ ഒരു വിഷമം മാത്രം ജിഷ മിസ്സിനെയും അംബിക മിസ്സിനെയും കാണാൻ സാധിച്ചില്ല .അവരെ കൂടെ കാണാൻ സാധിച്ചിരുന്നെങ്കിൽ !!!


എന്നെ വിളിച്ചതിനു സലീന മിസ്സിന് ഒരായിരം നന്ദി💓💓💓💓💓💓💓




Wednesday, July 4, 2018

NO Seat For വികലാംഗന്‍


ഉരുണ്ടു വീണു എല്ലിന് പൊട്ടൽ ഉണ്ടായ കയ്യിൽ പ്ലാസ്റ്ററുമായി ഞാൻ KURTC ലോ ഫ്ലോർ AC  കയറി . സാമാന്യം നല്ല തിരക്കുണ്ട് . ഓഫീസിലേക്കു പോകുന്നതായതു കൊണ്ട്  ബാഗും ഉണ്ട് . കണ്ടക്ടർ വന്നു ടിക്കറ്റ് ചോദിച്ചു . ഇപ്പൊ അകെ ഒരു കയ്യ് അല്ലെ ഫ്രീ ഉള്ളു . ഒരു വിധം വീഴാതെ ബാലൻസ് ചെയ്തു നിന്നു എന്നിട് പോക്കറ്റിൽ നിന്ന് ക്യാഷ് എടുത്ത് കൊടുത്തു  ടിക്കറ്റ് വാങ്ങി .ഒറ്റ കൈ കൊണ്ട് ബാലൻസ് ചെയ്‌ത്‌ നിൽക്കാൻ കുറെ പാടുപെട്ടു . ഒരു സീറ്റ് കിട്ടിയിരുന്നെങ്കിൽ,സീറ്റിൽ ഇരിക്കുന്നവരെ ഞാൻ ദയനീയമായി നോക്കി . ആർക്കും ഒരു മൈൻഡ് ഇല്ല .

വീട്ടിൽ നിന്ന് പോരുമ്പോൾ എന്തൊക്കെ പ്രദീക്ഷകൾ ആയിരുന്നു . കയ്യിൽ പ്ലാസ്റ്റർ കാണുന്നു  ആൾക്കാർ എഴുന്നേൽക്കുന്നു  സീറ്റ് ഒഴിഞ്ഞു തരുന്നു  ഇവിടെ ഇരുന്നോളൂ എന്ന് പറയുന്നു എന്നൊക്കെ , എവിടെ !!! 😞😞😞ടിക്കറ്റ് എടുത്തതോടെ കണ്ടക്ടർക്കും പിന്നെ മൈൻഡില്ല . അവസാനം അതാ ഒരു സീറ്റ് കാലിയാകുന്നു , ഹാവൂ രക്ഷപ്പെട്ടു . സീറ്റ് കിട്ടിയ സന്തോഷത്തിൽ ഞാൻ തോളത്തു നിന്ന് ബാഗ് ഒക്കെ ഊരി പതുകെ ആ  സീറ്റിൽ അങ്ങ് ഇരിക്കാൻ തയ്യാറായിക്കഴിഞ്ഞു  . 

പെട്ടെന്നതാ ആൾക്കൂട്ടത്തിനടിയിൽ നിന്ന് ഒരു ചേച്ചി പ്രത്യക്ഷപ്പെടുന്നു   ഞാൻ കണ്ണടച്ചു തുറക്കും മുന്നേ ചേച്ചി ആ സീറ്റ് കൈയ്യടക്കിയിരിക്കുന്നു  .ശിവനേ ഇതെവിടുന്ന് വന്നു 😱😱😱😱😱എന്നിട് എന്നെയും   എന്റെ കൈയിലെ പ്ലാസ്റ്ററും നോക്കി ഒരു അവിഞ്ഞ ചിരി , ഭീകരി ഏജ്ജാതി സ്പീഡ് ആയിരുന്നു ഉസൈൻ ബോൾട്ട് തോറ്റു പോകും 🏃🏃🏃 . അങ്ങനെ  ഇടപ്പള്ളി മുതൽ ആലുവ ദേശം വരെ ഞാൻ പോസ്റ്റ് . എന്നാലും ഒരു താല്കാലിക വികലാംഗന്‍ ആയ എന്നോട് ഇത് വേണ്ടായിരുന്നു😭😭😭

ഇനി അങ്ങോട്ട് പ്രൈവറ്റ് ബസിൽ ആണ് യാത്ര .നിലം തൊടാതെ പറക്കുന്ന കൂട്ടരാ , എന്താവോ എന്തോ . ബസ് വന്നു ഞാൻ ഒരു വിധം പിടിച്ചു കയറി . എന്നെ കണ്ടതും കണ്ടക്ടർ സൈഡിൽ ഇരുന്ന പയ്യനോട് "എടാ ആ ചേട്ടന് സീറ്റ് കൊടുത്തേ "

കണ്ണ് നിറഞ്ഞു പോയി 😢😢😢

Monday, May 28, 2018

ഒരു വൈവക്ക് കിട്ടിയ പണി





Btech 3rd  semester ഇലക്ട്രോണിക്സ് ലാബ് പ്രാക്ടിക്കൽ എക്സാം നടക്കുന്ന സമയം  . എന്റെ ഊഴവും കാത്തു ഞാൻ പുറത്തു നിൽക്കുന്നു . ഇറങ്ങി വരയുന്നവരോട് ചോദിച്ചു സ്ഥിതി ഗതികൾ മനസ്സിലാക്കുന്നതിനിടയിൽ ഒരു കാര്യം മനസ്സിലായി .കൂട്ടത്തിൽ ഒരു ചോദ്യം കിട്ടിയ ആർക്കും തന്നെ proceed കിട്ടിയിട്ടില്ല . Proceed കിട്ടാത്തവന് പിന്നെ ഔട്പുട്ടും ഇല്ല അതാണ് വിധി (ടീച്ചർ proceed  എന്ന് പറയാതെ experiment ചെയ്യാൻ സമ്മതിക്കില്ല )

അങ്ങനെ എന്റെ ഊഴം  വന്നു ദൈവാധീനം കൊണ്ട് മേല്പറഞ്ഞ അതെ ചോദ്യം തന്നെ എനിക്ക് കിട്ടി . ലാബ് എക്സാം കെയിൽ നിന്ന് പോയല്ലോ എന്ന് ആലോചിച്ച അവിടെ ഇരുന്നു ഒരു അര  മണിക്കൂർ ഡെസ്പ് അടിച്ചു അങ്ങ് പോയി .

പിന്നെ ആണ് വെളിപട് ഉണ്ടായത് വായിച്ചു നോക്കിയപ്പോൾ സംഭവം അറിയാവുന്ന  ഒരു circuit ആണ് . പക്ഷെ അതുമായി ചെന്ന എല്ലാവരെയും ടീച്ചർ ഇത് തെറ്റാണു എന്നുപറഞ്ഞു തിരിച്ചു വിടുന്നു . പിന്നെ ഒന്നും നോക്കിയില്ല ഇടയിൽ ഒരു diode കുത്തി കയറ്റി ചെറിയ ഒരു മോഡിഫിക്കേഷനുമായി ഞാൻ ചെന്നു

എന്തോ ഭാഗ്യം ടീച്ചർ സമ്മതിച്ചു  experiment ചെയ്തു ഔട്ട്പുട്ട് കിട്ടി . ഹാവൂ പാസ് ആയി എന്ന സമാധാനത്തിൽ ഇരിക്കുമ്പോൾ ആണ് അടുത്ത സംഭവം viva

ആദ്യം ഒരു അര മണിക്കൂർ ചിന്തിച്ചു കളഞ്ഞത് കൊണ്ട് എല്ലാവരും പോയി  ഞാൻ മാത്രമേ ഇനി ബാക്കി ഉള്ളു .  ടീച്ചർ എനിക്ക് ഒരുപേപ്പറിൽ മൂന്ന് ചോദ്യങ്ങൾ എഴുതി തന്നു  അതിനുള്ള  ഉത്തരം കൊടുക്കാൻ പറഞ്ഞു

എന്തെന്നറിയില്ല ആ മൂന്നെണ്ണത്തിന്റെയും ഉത്തരം ഭാഗ്യത്തിന് എനിക്കറിയില്ലായിരുന്നു . ഞാൻ ചോദ്യം പലവുരി വായിച്ചു കൊണ്ടേ ഇരുന്നു . അപ്പോളാണ് ടീച്ചർമാരുടെ സംസാരം ശ്രെദ്ധയിൽപെട്ടതു  .ഈ പരീക്ഷ എടുക്കുന്ന ടീച്ചേർക്കു കാക്കനാട് പോകണം പക്ഷേ  വഴി അറിയില്ല . എനിക്ക് ആണേൽ ചോദ്യത്തിറെ ഉത്തരവും  അറിയില്ല .

അങ്ങനെ വെറുതെ ഇരുന്ന ഞാൻ അവരുടെ സംസാരത്തിന്റെ ഇടയിൽ തലയിട്ടു " ടീച്ചറെ ഇവിടുന്നു എറണാകുളം ബസ് പിടിച്ച പാലാരിവട്ടത്തു ഇറങ്ങിയാൽ കാക്കനാട് ബസ് കിട്ടും "
അപ്പോൾ ടീച്ചർ പറഞ്ഞു "ഇയാള് ആദ്യം ആ ചോദ്യത്തിന് ഉത്തരമെഴുത് "

എന്തൊക്കെയോ എഴുതി കൊടുത്തു .അത് വായിച്ചു ടീച്ചറുടെ കണ്ണ് തള്ളുന്നത് ശ്രെദ്ധിച്ച ഞാൻ പതുകെ സീറ്റില് നിന്ന് എഴുന്നേറ്റു .അപ്പോൾ എന്നോട് കയ്യ് കൊണ്ട് ഇരിക്കാൻ ടീച്ചർ ആംഗ്യം കാട്ടി . പണി പാളി എന്ന് എനിക്ക് മനസിലായി .

ഒരു ദീർഘ നിശ്വാസം വിട്ടു എന്റെ പേപ്പർ താഴെ വെച്ച ശേഷം ടീച്ചർ എന്റെ നേർക്കു തിരിഞ്ഞു ചോദിച്ചു

" കാക്കനാട് പോകുന്ന വഴി ഒന്നുടെ പറഞ്ഞേ "


ആശ്വാസമായി അതും പറഞ്ഞു ഞാൻ പടിയിറങ്ങി . കാക്കനാട്‌പോകാൻ ഉള്ള വഴി പറഞ്ഞു കൊടുത്ത കൊണ്ട് ടീച്ചർ എനിക്ക് നല്ല മാർക്ക് തന്നു പാസ് ആക്കി

നല്ല ടീച്ചർ

വെളുപ്പിന് കിട്ടിയ ഒരുഇടി



 രണ്ടു ദിവസത്തെ പണിയുണ്ട് എന്ന് പറഞ്ഞ് ഓഫീസിൽ നിന്നു പറഞ്ഞു വിട്ടതാ മൈസൂർക്കു. രണ്ടെന്നു ഉള്ളത് കഴിഞ്ഞപ്പോൾ ആറായി ദിവസം.

അങ്ങനെ ആറു ദിവസത്തെ ഇടവേളക്കു ശേഷം ഞാൻ അങ്ങനെ നാട്ടിലേക്കു ബസ്‌ പിടിച്ചു . അഞ്ചാറു ദിവസം ആയിട്ടു ഉറക്കം ഇല്ലാഞ്ഞ കൊണ്ട് ബസിൽ ഇരുന്നു സാമാന്യം ഉറങ്ങി .

എന്തോ ഒരു ശക്തമായ കുലുക്കം അറിഞ്ഞു ഞാൻ ഞെട്ടി ഉണർന്നു. ബസ്‌ നിർത്തിയിട്ടിരിക്കുന്നു. സമയം പുലർച്ചെ  6 മണി കഴിഞ്ഞു.

സംഭവം എന്താ ഞങ്ങൾ വന്ന ബസും എതിരെ വന്ന ഒരു ടാങ്കർ ലോറിയുമായി നടു റോഡിൽ ഒരു ചെറിയ ചുംബന സമരം. ഒരു "S " വളവിൽ overtake  ചെയ്തു വന്ന ബസിൽ ഇടിക്കാതിരിക്കാൻ വേണ്ടി ടാങ്കർ വെട്ടിച്ചെങ്കിലും മോശമല്ലാത്ത ഒരു ഇടി കിട്ടി .

ഞാൻ പോയി ഇടിച്ച  ഭാഗം നോക്കി . എന്റെ സീറ്റിനു തൊട്ടു പിറകിൽ ആണ്ഇടി കൊണ്ടത് . പുറകിലെ ഒരു ടയർ എന്തോ കൊണ്ട് കീറുകയും ചെയ്തു . ഭാഗ്യം എലിമീശ വണ്ണത്തിലാ ഇടി മിസ് ആയി രക്ഷപെട്ടത് . രണ്ടു വണ്ടിയുടെയും ഡ്രൈവർമാർ തമ്മിൽ പൊരിഞ്ഞ തർക്കം . ഇനി ആ തർക്കം കഴിഞ്ഞു പുറകിലെ ടയർ മാറ്റിയാലേ വണ്ടി പോകുള്ളൂ .

വെറുതെ റോഡിൽ നിന്ന് മടുത്തപ്പോൾ പുറകിലെ സീറ്റിൽ ഇരുന്ന ഫാമിലിയുമായി സംസാരിച്ചു . അവരുടെ സീറ്റിൻറെ ഭാഗത്താണ് ഇടി കിട്ടിയത് .

കുടുംബനാഥൻ :" മൈസൂർ ആണോ ജോലി "

ഞാൻ :"അല്ല കൊച്ചിയിലാണ് . ഇത് ഒരാഴ്ചത്തെ ഒഫീഷ്യൽ ട്രിപ്പ് ആയിരുന്നു "

കുടുംബനാഥൻ:"ഞങ്ങൾ മകളും ഭർത്താവും നാട്ടിൽ വന്നപ്പോൾ ടൂർ വന്നതാ . ഞങ്ങളുടെ കാർ പോകുന്ന വഴി ആക്സിഡന്റ് ആയി . അവിടുന്ന് വേറെ വണ്ടി വിളിച്ചു മൈസൂർ പോയി .തിരിച്ചു  വരുന്ന വഴിയാ "

ഞാൻ മനസ്സിൽ "വരുന്ന വഴി ഇതും ഇടിച്ചു , അപ്പോൾ മാടമ്പിയിലെ മനോരോഗി ഞാനല്ല .ആളെപിടികിട്ടി "

ഇതെല്ലാം കഴിഞ്ഞു കൊച്ചി എത്തിയപ്പോൾ ഉച്ച ആയി പിന്നെ ജോലിക് പോയില്ല ലീവ് എടുത്തു ചുരുണ്ടു കൂടി കിടന്നു


Friday, May 11, 2018

ഒരു ചെറിയ നൊസ്റ്റാലിജിയ





വർഷങ്ങൾക്കിപ്പുറവും ഈ  അമ്പലപ്പറമ്പിലൂടെ നടക്കുമ്പോൾ എനിക്കാ അഞ്ചുവയസുകാരനെ കാണാം . മുടങ്ങാതെ എന്നും ദീപാരാധന തൊഴാൻ വന്നിരുന്നവൻ . 

ഈ മണ്ണിലാണ്  അവൻ പിച്ചവെച്ചു നടന്നത് . ഉറങ്ങാത്ത രാത്രികളിൽ അച്ഛന്റെ തോളിൽ കിടന്നു താരാട്ടു കേട്ടിരുന്നതും ഇവിടെ തന്നെ.
കളിക്കൂട്ടുകാരന്റെയും അനുജന്റേയും കൂടെ ഓടി കളിച്ച അതേ മുറ്റം . ആ പറമ്പിന്റെ ഒരു ഭാഗത്താണ്  അവൻറെ വീട് .

ചങ്ങല കിലുക്കം കേട്ട് മുന്നിലെ പറമ്പിൽ ആന വന്നിട്ടുണ്ടെന്ന് പറഞ്ഞു കാണാനായി ഓടിയതൊക്കെ ഇപ്പോളും മനസ്സിലുണ്ട് . ചേച്ചിമാരോടൊപ്പം കശുവണ്ടി ചുട്ടു കഴിച്ച സ്വാദു നാവിൽ വരുന്ന പോലെ . മഴക്കാലത്ത് മുറ്റത്തു കൂടെ നീന്തിയെത്തുന്ന മീനുകൾ അന്നൊരു കൗതുകമായിരുന്നു.

ഇന്നിപ്പോൾ അവനൊരു അച്ഛനാണ് . നര വീണു തുടങ്ങിയ താടിയുംതടവി ചാറ്റൽ മഴയും കൊണ്ട് ആ അമ്പലമുറ്റത്തു  കൂടെ നടക്കുമ്പോൾ ഉള്ളിൽ ഒരു ചെറിയ നോവ് തോന്നിയോ കണ്ണൊന്നു നനഞ്ഞോ ആവോ അറിയില്ല .

Thursday, April 5, 2018

എന്റെ പ്രണയം



എന്റെ നല്ല പാതി, എന്റെ പ്രണയം 


എന്താണ് പ്രണയം എന്ന് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട്
നിന്നെ കാണും മുൻപ് വരേ മാത്രം

ആദ്യമായി കണ്ടപ്പോൾ നിമിനേരം നിലച്ചു പോയ ഹൃദയം പറഞ്ഞു ഇതാണ് പ്രണയം

ഓരോ വട്ടവും കണ്ടുമുട്ടുമ്പോൾ എന്റെ നെഞ്ചിടിപ്പും നിന്റെ കണ്ണിലെ തിളക്കവും പറഞ്ഞു ഇതാണ് പ്രണയമെന്നു

നീ ഒന്ന് ചിരിച്ചാൽ തുടി കൊട്ടുന്ന നെഞ്ച് പറഞ്ഞു നിന്നോടാണ് പ്രണയമെന്നു

കണ്മുന്നിൽ നിന്നു നീ അകലുമ്പോൾ നോവുന്ന നെഞ്ച് പറഞ്ഞു നീ അല്ലാതെ മറ്റൊന്നുമല്ല പ്രണയമെന്നു

നിന്നിലൂടെ അറിയുന്നു ഞാൻ പ്രണയമെന്തെന്നതെന്നും
എന്നെന്നും നീ മാത്രമാണെൻ പ്രണയിനി .

-------------------------------------**********-----------------------



ഈ  വരികൾ എന്റെ പ്രാണനായ എൻറെ ജീവൻറെ പാതിയായ എന്റെ പ്രിയതമക്ക്  സമർപ്പിക്കുന്നു